ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ ഇസ്ലാമാബാദിൽ നടന്ന നിർണായക സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇടപെടലാണെന്ന ആരോപണവുമായി ഇറാൻ. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ഫോണിൽ വിളിച്ചതായും, ഇതേത്തുടർന്ന് ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനായി യുഎസ് നിലപാടുകൾ കടുപ്പിച്ചെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ആരോപിച്ചത്.
ഇസ്ലാമാബാദിൽ 21 മണിക്കൂർ നീണ്ട ചർച്ചകൾക്കിടെയാണ് നെതന്യാഹു ജെ.ഡി. വാൻസിനെ ബന്ധപ്പെട്ടത്. ഈ ഫോൺ കോളിന് പിന്നാലെ സമാധാന ഉടമ്പടിയിൽ നിന്ന് യുഎസ് പിൻമാറിയെന്നും ഇറാൻ ആരോപിക്കുന്നു. ഇസ്രയേലിന്റെ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയാണ് യുഎസ് ചർച്ചകൾ പരാജയപ്പെടുത്തിയതെന്ന് അരാഗ്ചി കുറ്റപ്പെടുത്തി.
ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഇറേനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾ തടയാനാണ് യുഎസ് നാവികസേനയോട് ട്രംപ് നിർദേശിച്ചത്.